Friday, March 9, 2018

ക്ലോക്ക്

ക്ലോക്ക്
'''''''''''''''''''''''''''''''
കാലത്തിൻ കുത്തൊഴുക്കിൽ
പിടഞ്ഞുവീഴുമ്പോഴും
ക്ലോക്കിലെ കൈയിൽചുറ്റി
സമയം ചിരിക്കുന്നു

ഭ്രമണം തുടരുന്നു
ഭൂവിൻറെ സ്പന്ദനത്തിൻ
താളത്തിൽ സൂചികളും
തളർച്ചയറിയാതെ

ജനിമൃതികൾ ചുറ്റും
നടന്നീടുന്നു ചെമ്മേ
ജന്മവൈകല്യത്തിൻറെ
വിഴുപ്പും ചുമന്നിട്ട്

മുഴങ്ങീടുന്നു മണി
ഹൃദയസ്പന്ദനമായ്
ക്ലോക്കിൻറെയുള്ളിൽനിന്നും
മുന്നറിയിപ്പെന്നോണം

പിന്നോട്ടു നോക്കീടാതെ
മുന്നോട്ടു പോയീടുവാൻ
ആഹ്വാനം ചെയ്തീടുന്നു
ക്ലോക്കിതാ മൗനമായി

ശങ്കിച്ചു നിന്നിടാതെ
ശാന്തരായ് ഗമിച്ചീടാം
ശണ്ഠകൂടാതെ നാമും
ശൈശവതീരം വിട്ടു

സ്വാർത്ഥരായ് മേവീടാതെ
സേവനം ചെയ്തീടാനായ്
ക്ലോക്കിനെപ്പോലെ നമ്മൾ
കൈകളുയർത്തീടുക

പുഞ്ചിരിപ്പട്ടുനൂലാൽ
നെയ്തീടാം ജീവിതത്തെ
വഞ്ചനത്തിരകളാൽ
ദിശതിരിഞ്ഞീടാതെ

കാപട്യമേശീടാതെ
കർമ്മത്തിൻ സാരഥിയായ്
ക്ലോക്കിതാ തുടരുന്നു
കാലത്തിൻ ജൈത്രയാത്ര!
''''''''''''’'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
ഗീതാഞ്ജലി
11-2-18

No comments:

Post a Comment