Friday, March 9, 2018

ഹൃദയം

ഹൃദയം
"" "" "" "" "
നിൻഹൃദയത്തിൻ ചില്ലയിൽ ഞാനൊരു
കൊച്ചുകളിക്കൂടൊരുക്കാൻ
സ്നേഹമെന്നൊരു നാരിനാൽ തീർത്തതാം
കൂട്ടിലിത്തിരി വെളിച്ചം നിറയ്ക്കാൻ
നിൻഹൃദ്യമാം ഹൃദയതാളത്തിൻ ശ്രുതിയെൻ
കാതിൽ മുഴങ്ങിക്കേൾക്കുവാനെന്നും
വിശാലമാമൊരു ജനൽപ്പാളി തീർത്തു ഞാൻ
ശ്രുതിയിൽ ലയിച്ചു രചിച്ചിടാൻ കാവ്യവും!
മഴവിൽക്കൊടിപോലഴകോലുമെന്നു നിനച്ച നിൻ
മനോവികാരങ്ങളാ വരികളിൽപ്പതിയാൻ
ഒരുപൂക്കളമൊരുക്കുവാൻ, വസന്തങ്ങളിൻ
വർണ്ണങ്ങൾചാർത്തിടാനാ സ്നേഹക്കൂട്ടിൽ
എങ്കിലുമിന്നു നീയാത്തളിർച്ചില്ലവെട്ടി
ഹൃദയശൂന്യതതൻ പര്യായമായി
എൻ ഹൃദയനിണം വാർന്നൊഴുകുന്നിപ്പോഴും
കരിപുരണ്ടനിൻ വാക്കിൻകൂരമ്പിനാൽ
മമചേതനയെ മുറിവേല്പിക്കുവാൻതക്കത്തിൽ
നീണ്ട നിൻ സംശയനിഴൽപ്പാടുകൾ
വിഹ്വലമാക്കുന്നൊരെന്നക്ഷരപ്പൂവിനെ
മരിച്ചുവീഴുന്നൊരാ കാവ്യസ്രോതസ്സുകൾ!
ചിതറിത്തെറിച്ചൊരെൻ ഭാവനച്ചിറകുകൾ
ചിന്തിയ രക്തത്തുള്ളികളിൽ
പൊഴിഞ്ഞുവീണതാമൊരു തൂവൽ മുക്കി
കുറിക്കട്ടെയെൻ കാവ്യത്തിനന്ത്യാഞ്ജലി!
ചിതയൊരുക്കീടുകയെൻ കാവ്യത്തിനായ്
പഴികൾതൻ ഹാരാർപ്പണം ചാർത്തീടുക
ആഘോഷിച്ചീടുക നിൻകൂട്ടരോടൊത്തു നീ
വിജയമെന്നും നിൻകൂടെയല്ലോ
എങ്കിലുമെന്നാത്മാവിൻ ചിറകിലേറിപ്പറന്നിടും
എൻകാവ്യങ്ങൾ താരകളായിപ്പിറന്നിടും
നിൻ സംശയമുന നീളാത്തൊരാകാശവീഥിയിൽ
നൃത്തം ചവിട്ടിയുല്ലസിച്ചാർത്തിടാൻ!
വിണ്ണിലെ മാലാഖമാരെൻറെ ചുറ്റിലും
വർണ്ണങ്ങൾ തീർക്കുമെൻ വടുക്കളിൽ സ്നേഹത്തിൻ
നീയെന്റെയാത്മാവിന്നാഴത്തിലേല്പ്പിച്ച
മുറിവുകളിൽ സാന്ത്വനസ്പർശമായീടുവാൻ!














No comments:

Post a Comment