Thursday, March 15, 2018

നിദ്ര

നിദ്ര
''''''''''''’
ഇന്നുനീയുണർന്നെന്നോ നിദ്രയിൽനിന്നും
ഇനിയുമീസൗഹൃദം പൂവിടുവാൻ
നീണ്ട നിരാശതൻ നീളുന്നരാത്രിതൻ
അന്ത്യയാമത്തിൽ പൊൻകതിരായ്!
കാത്തിരുന്നീടുമെൻ പിൻവിളി കേൾക്കുവാൻ
കാതോർത്തിടുമെന്നാശിച്ച നാളുകൾ
കണ്ണീരിന്നുപ്പിൽ കുതിർന്നുപോയെങ്കിലും
കണ്ണിമയ്ക്കാതെ ഞാനുണർന്നിരുന്നു
നിദ്രവിട്ടുണരുന്ന നിന്നെയെൻ ചാരത്ത്
ചേർത്തിരുത്തുവാനായി മാത്രമെന്നും!
പൂങ്കുയിൽ നാദത്തിൻ ചിറകുവിരിച്ചൊന്ന്
നിദ്രയിൽ നീകാണും സ്വപ്നത്തിൻതീരത്ത്
വന്നണഞ്ഞൊന്നു ഞാൻ ദുശ്ശങ്കയകറ്റുവാൻ
ഏറെക്കൊതിച്ചിരുന്നെന്നാകിലും
ഗാഢമാം നിദ്രയിൽപെട്ടു നീപോകയാൽ
കൂജനമൊന്നുമേയേറ്റതില്ല
എങ്കിലുമിന്നുനിൻ പുഞ്ചിരിയെത്തിയെ-
ന്നിരുണ്ടൊരു മനമിതിൽ പുലരിയായ്!
കാവ്യച്ചമയങ്ങളൊരുക്കുന്നു ഞാനിതാ
ഉണർവ്വിൻറെ പച്ചപ്പിലേയ്ക്കഴകിൽ!





No comments:

Post a Comment