Monday, December 4, 2017

നഷ്ടപ്രണയം

എല്ലാ സുഹൃത്തുക്കൾക്കും എൻറെ ദീപാവലി ആശംസകൾ!എൻറെയൊരു fb friend ൻറെ നോവൽ(ആത്മകഥയെന്നും പറയാം) വായിച്ചുകൊണ്ടിരിക്കുന്നതിൻറെ പ്രചോദനത്തിൽ നിനെഴുതിയ ഒരുകവിത അദ്ദേഹത്തിൻറെ നഷ്ടപ്രണയത്തിൻറെ ജന്മനാളായ ഇന്നു പോസ്റ്റുചെയ്യുന്നു!
""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""
നഷ്ടപ്രണയം
'''''''''''''''''''''''''''''''''''''''''''''''''''''''''''
'നഷ്ട'മെന്നൊരുവാക്കിന്നർത്ഥം ഞാനറിവൂ 
നഷ്ടപ്രണയമേ നിന്നിലൂടെ !
നഷ്ടമായിന്നെൻറെ ആത്മാവിൻ ജീവനും
നഷ്ടമായെൻ വഴിത്താരയതും!
വാരിയെറിഞ്ഞൊരെൻ ബാല്യകൗമാരങ്ങൾ
വർണ്ണങ്ങളായിരം നിന്നിലൂടെ!
വാർമഴവില്ലിൻറെയഴകുമായെൻ ചാരെ
വന്നണഞ്ഞെൻകുടക്കീഴിലോ നീ?
കനകപ്രഭയാർന്നെന്നാത്മാവിലെന്നെന്നും
കതിർചൂടിനിന്നു നീ മത്സഖിയായ്!
കരളിലെ മാന്തോപ്പിൽ വാസന്തമായി നീ
കുയിലിൻറെ കൂജനനാദമായി!
തൊടിയിലെ കിണർപോലെ വറ്റിയൊരെൻ
തനുവും മനവും വിണ്ടുപോയിന്നിതാ
തെളിനീരുറവയായി വന്നീടുമോ നീയെൻ
തരിശായ ചിത്തത്തിൽ കുളിരേകുവാൻ?
തന്തിതകർന്നൊരു വീണതൻ മൗനമായി
താമരപ്പൂവിൽനിന്നടർന്ന നിറമായ്
തീരമൊഴിഞ്ഞൊരു തിരയുടെ തേങ്ങലായ്
തീരാത്ത നഷ്ടത്തിൻ നോവായി നീ!
പിണങ്ങിപ്പിരിയുവാനിണങ്ങിയോ നാമന്നു
പിടിവിട്ടകന്നൊരു കുടക്കീഴിൽനിന്നും?
പിരിയുവാൻ വിധിയതാമെങ്കിലുമിന്നു നിൻ
പിറന്നാളിൽ നേരുന്നെന്നാശംസകൾ!
മഞ്ചാടിക്കുരുക്കളായിച്ചിതറിയവാക്കുകൾ
മാനസച്ചെപ്പിൽ ഞാൻ ചേർത്തുവച്ചു
മൗനംഭജിച്ചിന്നൊരുക്കുന്നൊരു കാവ്യം
മായാത്ത പ്രേമനൈവേദ്യമായി!
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
ഗീതാഞ്ജലി
18-10-2017

No comments:

Post a Comment