Wednesday, October 15, 2025

ലില്ലികൾ വിടർന്നപ്പോൾ

 ലില്ലികൾ വിടർന്നപ്പോൾ

**************************
ഇന്നെന്നാരാമമദ്ധ്യത്തിൽ
വന്നുദിച്ച താരകകന്യകൾ
ലില്ലിപ്പൂക്കളായി വിടരവേ
എൻ മനം ശലഭമായ് മാറി

ചാരുത ചൊരിയുമീ പൂക്കളെ
കാണുവാനൊരു വർഷമായി
കാത്തിരുന്നു വെള്ളമൊഴിച്ചു
വളവുമേകിയെന്നും ഞാൻ

സുസ്മിതം തൂകിനില്പൂ നിങ്ങൾ
ചെടിച്ചട്ടിയിലാരാമശോഭയായ്
നിർവൃതി പകർന്നെന്നിലും
കാത്തിരിപ്പിനൊടുവിൽ

സായന്തനത്തിൽ വാടിടുംവരെ
നിങ്ങൾതൻ ചാരേനിന്നീ ശോഭ
ഏറ്റുവാങ്ങീടട്ടെയെന്നാത്മാവിൻ
തന്ത്രികൾ മധുരസ്വനം മീട്ടുവാൻ

ലോലമാം ദലങ്ങൾ തഴുകുവാൻ
തൈമണിക്കാറ്റെത്തിനോക്കവേ
കുണുങ്ങിയാടുന്നു മന്ദം നിർവൃതി
നിറച്ചെൻ മനോരഥത്തിൽ

ആദിത്യൻ തന്നരുണരശ്മികൾ
ചുംബനമേകവേ പുളകിതരായ്
പൊന്നാട നെയ്യുന്നു ധവളദളങ്ങൾ
വസന്തത്തെ വരവേല്ക്കാനായിതാ!
ഗീതാഞ്ജലി
5-5-2023

ഓണം വരവായി

 ഓണം വരവായി

**********************
നിറകതിർ ചൂടിയണയുന്നു
നിറങ്ങൾ തൂകി പൊന്നോണം!
ഓർമ്മകളിൽ ഊഞ്ഞാലാടി
ഓണമിന്നു വിരുന്നു വന്നല്ലോ

മാവേലിമന്നനെ വരവേൽക്കാൻ
മാലോകരൊന്നായി നിരന്നപ്പോൾ
കേരളക്കരയാകെ തളിരണിഞ്ഞു
കേരവൃക്ഷങ്ങളും ഇളകിയാടി.

ഹൃദയവിപഞ്ചിക പാടുകയായ്
ഹൃദ്യമാകുമോണപ്പാട്ടുകളായിരം
മുല്ലയും ചെത്തിയും മറ്റനേകം പൂക്കളും
മുറ്റത്തു കൈകോർത്തു പൂക്കളത്തിൽ.

പുലരൊളിയിൽ മുങ്ങിനിവർന്നു
പൊന്നോണം വന്നെത്തുമ്പോൾ
ഒരുമതൻ സന്ദേശവുമായെങ്ങും
ഓണപ്പാട്ടിന്നലയടികൾ മുഴങ്ങുന്നു

ഓലനും കാളനും പുളിയിഞ്ചിയും
ഓണനാളിൽ വിളമ്പാനേവർക്കും
അടുക്കളയിൽ തിരക്കുകൂട്ടുന്നു
അംഗനമാരൊരേ മനസ്സോടെ

ഊഞ്ഞാൽപ്പാട്ടിൻ താളത്തിൽ
ചൂളമടിച്ചെത്തി പൂന്തെന്നൽ
മാവേലിനാടിൻ്റെ നല്ലോർമ്മകൾ
മാനവർ ഹൃത്തിലേറ്റുംനാളിൽ
**************************************
ഗീതാഞ്ജലി
29-8-2023

പുതുവർഷപ്പുലരി

 പുതുവർഷപ്പുലരി

*******************
പുതുവർഷം ചാരെയണഞ്ഞു
വരവേൽക്കാൻ ഭൂമിയൊരുങ്ങി
മനതാരിൽ മേളമൊരുങ്ങി
നിറയട്ടെ ലാസ്യമതെങ്ങും

വിടവാങ്ങിപ്പോയൊരു വർഷം
കുളിരുള്ള ചിന്തകളാലെൻ
മനതാരിൽ നൃത്തവുമായി
തിരശീല നീക്കിമറഞ്ഞു

നിലനിൽക്കുമോർമ്മകൾ
സുഖദുഃഖസമ്മിശ്രമോ
നിറപുഞ്ചിരി തന്നിടാൻ
പുതുവർഷമേ കനിയൂ

സുഖമോടെ വാഴുവാൻ
നിറവേറ്റുവാനാശകൾ
ഭുവനത്തിലേവർക്കും
വിധിയേകട്ടെയീ വർഷം

പകവേണ്ടാ യുദ്ധങ്ങളും
പകലോനിന്നുദിച്ചിടുമ്പോൾ
വിഷമില്ലാ കായ്കറികൾ
വിളയിച്ചീടാം, വിളമ്പീടാം

ഉലകത്തിലേവർക്കും
ഉപകാരം ചെയ്തീടാൻ
വരവേൽക്കാമീ പുത്തൻ
ദിനമിന്നു മാതൃകയായ്
*************************
പുതുവർഷരാശംസകൾ!
ഗീതാഞ്ജലി
31-12-24
************************************************

രക്ഷാപ്രവർത്തകർ

 രക്ഷാപ്രവർത്തകർ

****************
ഒലിച്ചുപോയൊരുരുൾപൊട്ടലിൽ
ഇരു ഗ്രാമങ്ങളിൽ വസിച്ചിരുന്നോർ
നൊമ്പരം ബാക്കിയാക്കി യാത്രയായി
നിനയ്ക്കാതെ പ്രകൃതിതൻ മടിത്തട്ടിൽ !

അവശേഷിപ്പവർ തേടി മണ്ണിനടിയിൽ
ഉടയവരെ പ്രതീക്ഷിച്ചു വ്യർത്ഥമായി
ഒരു നിമിഷംമുമ്പു ചേർന്നിരുന്നോർ
പിരിഞ്ഞുപോയി യാത്രചൊല്ലാതെ

ദേശത്തെയാകെ നൊമ്പരക്കടലിലാഴ്ത്തി
ദൈവങ്ങളും നിസ്സഹായരായി നില്ക്കേ
ആശ കൈവിട്ടോരെ ചേർത്തുനിർത്താൻ
വന്നുചേർന്നു സന്നദ്ധപ്രവർത്തകർ

അവശന്മാരാർത്തന്മാരാലംബഹീനർതൻ
അരികത്തു വന്നണഞ്ഞിവർ സാന്ത്വനമായി
ജാതിമതവർഗ്ഗചിന്തകളേതുമില്ലാതെ
നിരാശതൻ കരിമ്പടം ദൂരെയെറിഞ്ഞീടാൻ

വന്നടിഞ്ഞ പാറക്കൂട്ടങ്ങൾക്കിടയിൽനിന്നും
ജീവച്ഛവമായി കിടന്നോരെ തേടിയെത്തി
രക്ഷാപ്രവർത്തനം നടത്തിയോരിവർ
ജീവിച്ചിരിക്കും മനുഷ്യദൈവങ്ങളിവർ

സഖാക്കളിവർ തളരാതെ കൊടുത്തു
പ്രതീക്ഷതൻ പൂങ്കാവനമശരണർക്ക്
അവരെ താങ്ങിയെടുത്തു കൊണ്ടുപോയി
സുരക്ഷതൻ വർണ്ണകുടീരത്തിങ്കലേയ്ക്ക്

പ്രതിഫലമൊന്നും പ്രതീക്ഷിച്ചില്ലിവർ
സ്നേഹം മാത്രമാപ്തവാക്യമിവർക്ക്
മനുഷ്യത്വം പാടെ മരിച്ചിട്ടില്ലിവിടെയീ
ഭൂവി,ലിനിയുമെന്തു തെളിവു വേണം!

രാപകലില്ലാതെ അധ്വാനം ചെയ്യുമിവർ
ദുരിതത്തിൽപ്പെട്ടോരെ കരകേറ്റീടാൻ
ആരുമില്ല വാഴ്ത്തിപ്പാടാനീ നായകരെ
എങ്കിലുമിവർ വാഴും ജനഹൃദയങ്ങളിൽ!
********************************************
ഗീതാഞ്ജലി
1-11-2024
******************************************

സ്വപ്നം

 സ്വപ്നം

*********
ഒരു കൊച്ചു സ്വപ്നത്തിൻ ചിറകിലേറി-
പ്പറക്കുവാനതിയായ മോഹമോടെ
ഇനിയൊന്നുറങ്ങട്ടെയിത്തിരി നേരമീ
മരത്തണലിലിരുന്നു ഞാൻ

കൊഴിയുന്നയിലകളെൻ മൂർദ്ധാവിൽ
അരുമയായി സ്പർശിച്ചീടുമ്പോൾ
ഒരു സുന്ദരസ്വപ്നമെന്നെ തഴുകിയോ
കുളിർകാറ്റിനലകൾ പോലെ

അടയുന്ന മിഴികളെ മുട്ടിയുരുമ്മിയോ
കുസൃതിച്ചിരിയോടെ നിദ്രാദേവി
കനവുകണ്ടുണരാൻ കൊതിച്ചു ഞാൻ
കലമാനിനെപ്പോലെ കണ്ണുചിമ്മി

തിരയായി തഴുകൂ മിഴികൾതൻ തീരത്ത്
ഒരു വീണയിലുണരും ശ്രുതിയായി വരൂ
നിറദീപമായ് തെളിയൂ വിൺതാരകപോൽ
ഒരു ചിപ്പിതൻ മുത്തായി വരൂ നീ കിനാവേ

വരു നീ വിരുന്നുകാരിയായി പ്രിയസ്വപ്നമേ
അകലേക്കു പിണങ്ങിപ്പോകരുതേ
തിരയുന്നു നിന്നെയെൻ മനസ്സിൻ പച്ചപ്പിൽ
കതിരിടും മോഹത്തിൻ തേരിലേറി.
**********************************************
ഗീതാഞ്ജലി
3-1-2025
************************************************

ഞാൻ ഗന്ധർവൻ

 ഞാൻ ഗന്ധർവൻ 

********************

നിന്നെയുംതേടി ഞാനലയുന്നു

ഇന്നുമീ പ്രപഞ്ചത്തിലക്ഷമനായി

പാല പൂത്ത രാവിൻ രണ്ടാം യാമത്തി-

ലെത്തിടാം ഞാനെന്ന ഗന്ധർവൻ 


നിന്നെ കടാക്ഷിച്ചിടുവാനായിനി

എത്ര ജന്മങ്ങൾ കാത്തിരിക്കേണം 

ദേവീ നിൻ ചാരെയണയുവാനെൻ

ഹൃദയം തുടിക്കുന്നീ നാഴികയിൽ


ഏഴു സ്വർഗ്ഗങ്ങൾ താണ്ടി ഞാനണയാം

ഏഴു കുതിരകൾ കെട്ടിയ രഥമേറി

എൻ പ്രണയമറിയിക്കാനെത്തിടാം

ഒരു മഴത്തുള്ളിയായ് ഞാൻ പുണരാം 


ആലിംഗനങ്ങളാൽ മൂടിടാം നിൻ മേനി 

വിട ചൊല്ലും മുമ്പെയെന്നോമലാളേ

വിരഹത്തിൻ ചൂടിൽ നീയെരിയുമ്പോൾ

ഹിമകണങ്ങളായി പെയ്തിടാം ഞാൻ 


എൻ കിന്നരവീണയിൽ ഒരു പ്രേമഗാനം 

സുഭഗേ നിനക്കായ് ഒരുക്കീ ഞാൻ വിറയാർന്ന ചുണ്ടിലെ തേൻ നുകരാൻ 

ഒരു ശലഭമായി ഞാൻ പാറിവരാം


ഒരു മൂകരാഗമായകലേക്കു പോകേണ്ടി

വന്നാലുമെന്നെ നീ മറക്കരുതേ 

പോകാതെ വയ്യയീ ഭൂമിയിൽനിന്ന് 

തിരികെ വരുവാനുമാകില്ല പൊന്നേ


എങ്കിലും ഞാനൊരുഡുവായി വിണ്ണിൻ 

കോണിലിരുന്നെന്നും കൺകുളിർക്കെ 

നോക്കിയിരുന്നിടാം ജന്മാന്തരങ്ങളായ് 

രാത്രിതൻ നിശ്ശബ്ദയാമങ്ങളിൽ പ്രിയേ


ഗീതാഞ്ജലി 

9-7-2025

************************************

ആരാമകുസുമം

 ആരാമകുസുമം

******************
ഇന്നെൻ്റെ വാടിയിൽ വിരിഞ്ഞുനിന്നു
നറുമണം പേറി നീയോമൽപ്പൂവേ
എന്നനുരാഗംപോലെ തഴുകിയോ
ഒരു മണിത്തെന്നൽ നിൻ ദലങ്ങളെ

നിറമേറും സ്വപ്നമഞ്ചലിൽ വന്നു നീ
എൻ കിനാവിൽ നിറഞ്ഞുവോ
മഴമുത്തങ്ങൾ കവിളിൽ പതിഞ്ഞോ
ചാരുത നൽകുവാൻ ഓമലാളേ

നിറങ്ങളാൽ പുൽകുവാൻ വെമ്പിനിന്നോ
അർക്കരശ്മികൾ നിൻ്റെ ചാരേ?
മിടിക്കുന്നതാർക്കുവേണ്ടി നിൻ ഹൃദന്തം
പറയൂ മൽസഖീ മെല്ലെയെൻ കാതിൽ

നിന്നുള്ളിൽ നിറയും മധു നുകരാൻ
ഒരു പൂത്തുമ്പിയിന്നണഞ്ഞ നേരം
നാണം തുളുമ്പി നിൽക്കുന്നതെന്തിനോ
കണ്ണുകൾ ചിമ്മിനോക്കുവതെന്തിനോ

ഒരു പ്രേമഗാനം ഒളിപ്പിച്ചിടുന്നുവോ
നിൻ മൗനത്തിൻ സരസ്സിനുള്ളിൽ
ഒരു ചിപ്പിക്കുള്ളിലെ സാഗരം പോലെ
നിൻമനമാർത്തു തുടിക്കുന്നുവോ?

ദിനവും നീ തൊടുകുറി ചാർത്തി നില്പൂ
എൻമനോമുകുരത്തിലെന്നും
നിന്നെപ്പിരിയുവാനാവില്ലൊരിക്കലും
വാടല്ലേ നിൻമുഖമോമൽപ്പൂവേ.
ഗീതാഞ്ജലി
4-7-2025
*******************************************

വരയും വാക്കും

 വരയും വാക്കും

'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
എൻമനമാംകനലിലെരിയുന്നൊരോർമ്മകൾ
ഇനിയെന്നേയ്ക്കുമായ് ചാലിച്ചിടട്ടെ ഞാൻ

വരകളായി,വരികളായി, വർണ്ണങ്ങളായ്
വരമ്പത്തൊഴിഞ്ഞ കൂട്ടരാം കിളികളായ്

വിടചൊല്ലി മറഞ്ഞതാം കപടസ്നേഹത്തിൻ
വിദ്വേഷക്കൊടുംകാറ്റിൽ പിടയുന്ന പ്രാണനായ്

അഴകാം ശാപത്തിൻതടവിൽ പിടഞ്ഞതാം
അഴലിൻറെ തേങ്ങലുതിർക്കും മയൂരമായ്

നിർവ്യാജസ്നേഹത്തിൻ പാശങ്ങളായൊരാ
നന്മയാം വെളിച്ചത്തിൻ വർണ്ണകിരണങ്ങളായ്

കവിതകളിൽ തുളുമ്പുന്നെൻ മിഴിനീർതുള്ളിയായ്
കാലം മായ്ക്കാത്ത മുറിവിൻ നൊമ്പരമായ്

അപൂർണ്ണതതൻ പര്യായമായിതാ വരയുന്നു
അക്ഷരത്തോരണം ചാർത്തുന്നു ചന്തത്തിൽ!

വർണ്ണങ്ങൾ ചാർത്തുവാൻ വന്നൊരു സന്ധ്യതൻ
വെളിച്ചം നിറച്ചിടാനെൻ പ്രാണൻറെ വിളക്കതിൽ!

വിളക്കൂതിക്കെടുത്തുവാൻ കുബുദ്ധികളാർത്തീടിലും
വിളക്കുമരമായെന്നും നന്മപക്ഷത്തു നിന്നിടാം!

സന്ധ്യയിരുളാം മരണക്കിണറിൽ വീണീടിലും
സത്യപ്രഭതൻ കിരണങ്ങൾ പുനർജ്ജനിപ്പിക്കാം!

അസ്വാതന്ത്ര്യത്തിൻ ഇരുട്ടറകളിൽനിന്നിതാ
അസുലഭസ്വാതന്ത്ര്യത്തിൻചിറകടിയൊച്ചകൾ

ചെവിയോർത്തുകൊണ്ടെൻ പ്രയാണം തുടരട്ടെ
ചാവേറുകൾക്കായിനിയുമിടംകരുതുക നിങ്ങൾ!
""""""""""""""""""""""""""""""""""""""""""""""""""""""""
ഗീതാഞ്ജലി
26-1-2018
******************************************

നീർപ്പളുങ്കുകൾ

 നീർപ്പളുങ്കുകൾ

"" "" "" "" "" "" "" ""
നീർപ്പളുങ്കുകളുമ്മവച്ചെൻറെ
നിറുകയിലിന്നുന്മാദിയായ്

നൃത്തമാടുന്നു കാറ്റിലുലഞ്ഞു
മണ്ണിലും തൂകിത്തുളുമ്പീടുന്നു

പൂവിതൾത്തുമ്പിൽ വൈരമായിതാ
തിളങ്ങീടുന്നല്ലോ ഭംഗിയിൽ

മാനത്തെ മണിമുറ്റത്താരിന്നു
നീർപ്പളുങ്കുകൾ വിതറിയിട്ടു?

നനഞ്ഞീടട്ടെയീമാരിയിൽ ഞാനും
ഒരു കുഞ്ഞുബാലികയെപ്പോലെ

ഒഴുകീടട്ടെയൊരരുവിയിൽ നീരിൻ
മണിമുത്തായോളപ്പെരുക്കത്തിൽ

പൊട്ടിച്ചിരിച്ചുകൊണ്ടീ നിർത്ധരി
തുടര്‍ന്നീടട്ടിന്നു സാമോദം

എന്നിലുൾപ്പുളകങ്ങൾ ചാർത്താനായ്
ചെയ്തിടൂ വീണ്ടും നർത്തനം
"" "" "" "" "" "" "" "" "" "" "" "" "" "" "" "" "
ഗീതാഞ്ജലി
13-10-2019

മാ നിഷാദ

 മാ നിഷാദ

"" "" "" "" "" "
മമഹൃദയമിത്രമേലിന്നിതാ കേഴുന്നു
അനവരതമിറ്റുന്നു കണ്ണുനീർ മുത്തുകൾ!

കരുണയുടെ ചാലുകൾ വറ്റിയോ നിന്നിലെ
പരിഗണനയില്ലയോ സഹജീവിയെന്നും

നിരസനമതോ നിൻ പ്രണയാഭ്യർത്ഥനതൻ
പകരമതു ചോദിക്കുവാൻ കൊലയോ വഴി?

പെരുവഴിയിലിട്ടെന്നെ കത്തിച്ചു നീയെന്നിൽ
മരണഭയമുളവാക്കുന്നതോ പ്രണയം?

പരവശതയേതുമില്ലാതെ നീ നിന്നുവോ
മനമതിലൊരു കുറ്റബോധവുമേശാതെ?

കനവതിലുമൊരുനാളും ഞാനോർത്തതില്ല
കരുണയൊഴിയും പ്രതികാരദാഹി നീയോ?

പറയുവതിനാവതില്ലവസാനയാത്രാ-
മൊഴിയുമിനിയെന്നാത്മാവിൻതേങ്ങലല്ലാതെ

മമഹൃദിയുമിന്നിതാ വെന്തുപോയഗ്നിയിൽ
കഠിനതരമല്ലോ നിൻ ഹൃത്തെന്നറിയുകിൽ

ധരയിലിതു മാനുഷനുമാത്രം സാദ്ധ്യമോ
കരുണയുടെ വറ്ററ്റു ക്രൂരത കാട്ടുവാൻ?
(വൃത്തം-മണികാഞ്ചി)
"" "" "" "" "" "" "" "" "" "" "" "" "" "" "" "" "" "" ""
ഗീതാഞ്ജലി
21-3 - 2019
********************************************

കൊറോണക്കാലത്തെ വിഷു

 കൊറോണക്കാലത്തെ വിഷു

"" "" "" "" "" "" "" "" "" "" "" "" "" "" ""
പ്രകൃതിയൊരുങ്ങിയൊരു വിഷുവിനായ്
പ്രഭാതം ചിരിതൂകിനിൽപ്പതുണ്ടേ
കണിക്കൊന്ന മഞ്ഞയിൽ മുങ്ങിക്കുളിച്ചു
കടക്കണ്ണെറിഞ്ഞുനിരന്നിടുന്നുണ്ടേ

എങ്കിലും വിഷാദച്ഛായയോ മർത്ത്യരിൽ
എങ്ങനെ കൊണ്ടാടീടുവാനീ വിഷു
പകർച്ചവ്യാധിതൻ പിടിയിലായ് പിടയുന്നു
പകച്ചുനിൽക്കുമീ ലോകമെമ്പാടുമേ

ലോകത്തിലാകവേ ഇരുൾ മൂടിനിൽക്കവേ
രോഗം പരത്തുന്ന അണുവിനാലിന്ന്
പിടഞ്ഞിതാ വീഴുന്നു മരണഗർത്തത്തിൽ
പിടയുന്ന നെഞ്ചകമാശകൾ തീരാതെ

ആഘോഷിച്ചീടുവാനാവാതെ വിഷുവും വിതുമ്പി
ആരവങ്ങളില്ലാതൊഴിഞ്ഞുപോയ്
കണിക്കൊന്ന പുഞ്ചിരി തൂകി നിർമ്മലമായ്
കഥയൊന്നുമറിയാതെയാലോലമാടി

വിഷുപ്പക്ഷി പാടുന്ന പാട്ടിൻറെ ശ്രുതി കേൾക്കേ
വിഷാദമകലുമോ മനുജഹൃത്തിൽ?
പരസ്പരമകന്നുനിന്നിടുമീ ദിനങ്ങളിൽ സാന്ത്വനം
പകരുവാനണയൂ നീ വിഷുക്കാലസന്ധ്യേ
"" "" "" "" "" "" "" "" "" "" "" "" "" "" "" "" "" "" "" "" "" "
ഗീതാഞ്ജലി
15-4-2020
**********************************************

കാവ്യമോഹം

 കാവ്യമോഹം

'''''''''''''''''''''''''''''''''''"""""''''''
വേഴാമ്പലായ്
ഇന്നെൻമനം
ലോലാർദ്രമായ്
പാടീടവേ

എൻശോകവും
ഏതോ കുളിർ-
കാറ്റാലിതാ
മാഞ്ഞീടുമോ?

സന്ധ്യാംബരം
തേങ്ങീടവേ
മേഘം തുളു-
മ്പീടുന്നിതാ

യാത്രാമൊഴി
ചൊല്ലാതെയാ
ആദിത്യനും
പോയീടവേ

ദുഃഖക്കടൽ-
ത്തീരത്തു ഞാൻ
ഏകാന്തമായ്
തേടുന്നിതാ

തോരാത്തൊരീ
കണ്ണീരിനാൽ
മാഞ്ഞീടുമാ
കാവ്യത്തിനായ്

ഓർമ്മിച്ചെടു-
ത്തീടുന്നു ഞാൻ
താളത്തിലായ്
പാടീടുവാൻ!

ഓളങ്ങളായ്
എത്തീട്ടിതാ
ദൂരത്തൊരാ
തീരത്തിനെ

ആലിംഗനം
ചെയ്തീടുവാൻ
എൻകാവ്യവും
ആശിച്ചിതാ!
(വൃത്തം - വേണി )
''''''''''''''''''''''''''''''''''''"""''''''''''''''''"""""
(ഗീതാഞ്ജലി )
24-6-2017
***************************************

മോഹം

 മോഹം

''''''''''''''''''''''
അമ്മിഞ്ഞപ്പാലിനായ് കരയുന്ന പ്രായത്തിൽ
അമ്മതന്നോമനമുഖം കാണാൻ മോഹം

പിച്ചവച്ചുനടക്കുന്ന പ്രായത്തിൽ
പിച്ചകപ്പൂക്കൾ പെറുക്കുവാൻ മോഹം!

അക്ഷരക്കുഞ്ഞുങ്ങളരങ്ങേറ്റം കുറിച്ചപ്പോൾ
എൻ സ്ലേറ്റിനുമോഹമതിൻവേദിയാവാൻ

കൂട്ടരോടൊത്തൊന്നു നൃത്തംചവിട്ടുമ്പോൾ
കൂടെച്ചേർന്നുതുള്ളാൻ ചിലങ്കയ്ക്കു മോഹം!

തൊടിയിലെ പൂക്കളെയുമ്മവച്ചിടുമ്പോൾ
തുമ്പിയായ് പാറിപ്പറക്കുവാൻ മോഹം!

മാവു തളിർക്കുമ്പോൾ മാമ്പൂക്കൾ വിരിയുമ്പോൾ
മോഹമുദിക്കുന്നു മാമ്പഴക്കൊതി തീർക്കാൻ

വാനിലാദിത്യൻ പാൽ തിളപ്പിച്ചിടുമ്പോൾ
വെൺമേഘമായിത്തൂകുവാൻ മോഹം!

തൊട്ടപ്പോൾ പിണങ്ങിയ തൊട്ടാവാടിയെ
തൊട്ടൊന്നുണർത്തുവാനതിയായ മോഹം

കാവ്യത്തിൻമാധുര്യം നിറയുമ്പോഴെൻചിത്തം
കാട്ടുമൈനയായ് പാടുവാൻ മോഹം!

ഒരു പൂവായ് സ്വാദൂറുംപൂന്തേൻ നിറച്ചെന്നിൽ
ഒരു വർണ്ണശലഭത്തെ ഊട്ടുവാൻ മോഹം!

ഒരു സുന്ദരസ്വപ്നത്തിൻചിറകിലേറി മെല്ലേ
ഒരു കുഞ്ഞുതാരമായിച്ചിരിതൂവാൻ മോഹം!

വിദ്യതൻപടവുകൾ ചവിട്ടിക്കയറുമ്പോൾ
വിജ്ഞാനമാരിയിൽ നനയുവാൻ മോഹം!

അനന്തമാം സാഹിത്യവർണ്ണപ്രപഞ്ചത്തിൽ
അക്ഷരപ്രേമിയായ് പറക്കുവാൻ മോഹം!

ഉലകത്തിലനീതിതൻ ചാട്ടുളി വീശുമ്പോൾ
ഉടവാളായി തൂലികയെത്തീർക്കുവാൻ മോഹം!

മോഹത്തിൻപല്ലക്കിലേറിയലയുവാൻ
മോഹമുദിക്കുന്നതതിമോഹമെന്നറികിലും!
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
ഗീതാഞ്ജലി
3-7-2018
***********************************************

പാതി തുറന്ന ജാലകം

 പാതി തുറന്ന ജാലകം

***********************
ഇന്നെന്റെ മുറ്റത്തെ കാഴ്ച കാണാൻ
ജാലകം പാതി തുറന്നനേരം
സായാഹ്നസൂര്യനൊന്നെത്തിനോക്കി
ചിരിതൂകി മെല്ലെയകന്നുപോയി

നാലുമണിപ്പൂക്കൾ കണ്ണുചിമ്മി
താളത്തിൽ തലയാട്ടി ചാഞ്ചാടുന്നു
കണ്ണിമയ്ക്കാതെ ഞാൻ നോക്കിനില്ക്കേ
കണ്ണറിഞ്ഞെന്നെ മയക്കിടുന്നു.

മൂവാണ്ടൻ മാവിലെ മാങ്ങയൊന്നെൻ
മാമ്പഴക്കൊതി തീർക്കാൻ കാത്തിരുന്നു
കൊതിപ്പിക്കും സ്വാദുമായ് തേൻവരിക്ക
ഇന്നെന്നെ കൈകാട്ടി വിളിച്ചിടുന്നു.

ഇന്നലെ പെയ്തൊരു വേനൽമഴ
നൽകിയ കുളിരലയെന്നെ മൂടി
മണ്ണിന്റെ പുതുമണം തങ്ങിനിന്നു
ജാലകത്തിലൂടൊഴുകിവന്നു.

സന്ധ്യതൻ സിന്ദൂരം കവർന്നെടുത്തു
പടിഞ്ഞാറേ മാനത്ത് കുടഞ്ഞിടുവാൻ
മത്സരിച്ചൊരുങ്ങുന്നു മേഘജാലം
മദിപ്പിക്കുമെന്നെയീ വർണ്ണമേഘം.
********************************************
ഗീതാഞ്ജലി
4-6-2025
**********************************************

വിഷുപ്പുലരി

 വിഷുപ്പുലരി

"""""""""""""""""""

മഞ്ഞപ്പട്ടുപാവാട ഞൊറിഞ്ഞെത്തി

കർണ്ണികാരം വീണ്ടുമീ വിഷുപ്പുലരിയിൽ 

കണ്ണനെ കണി കാണാൻ ഒരുങ്ങിയല്ലോ 

മേടമാസത്തിൽ വിഷുപ്പക്ഷിയും


പൂചൂടിനില്ക്കും കണിക്കൊന്ന കാറ്റിൽ 

അഴകേറും കഥകളിയാടുന്ന വേളയിൽ 

മനസ്സിൽ സൂക്ഷിച്ച മയിൽപ്പീലി വിടർത്തി

ഞാനുമെൻ കണ്ണനെ കാത്തിരിക്കുന്നു 


കണ്ണുപൊത്തി യാമിനി ദൂരെ മറയുന്നേരം

കണ്ണിൽ കൗതുകം പേറി വന്നല്ലോ പുലരി

വിഷുക്കണിനീട്ടങ്ങൾ തരുവാൻ വന്നതോ

ആദിത്യകിരണങ്ങൾ വിഷുപ്പുലരിയിൽ 


നിറഞ്ഞല്ലോ മനവും കണികാണവേ

 മറഞ്ഞല്ലോ തിന്മയീയുലകിൽനിന്നും

വാൽക്കണ്ണാടിയും കരിമഷിയും കദളിയും 

കണിവെള്ളരിയും കണിവച്ചു ഞാൻ 

--------------------------------------------------------------

ഗീതാഞ്ജലി 

14-4-2025

********************************************

പുലരൊളി

 പുലരൊളി

*************
പുലരൊളി തുന്നിയ കസവിതു നീളേ
ഞൊറിയുകയാണിഹ ധരണിയിലെങ്ങും
കുസുമദലങ്ങളുമൊളിചിതറുന്നു
നവനവചേതനയുണരുകയല്ലോ

നറുമണമേന്തിയ പവനനുമെത്തി
വിതറിടുമാവഴി തരളിതഗന്ധം
ദിനകരനെത്തിയ രഥമിതു കാണ്മാൻ
വിരിവതു മൊട്ടുകളനവധി ചേലിൽ

കതിരവനോ മൃദുഹസിതസമേതം
കതിരിടുമാശയൊടൊളിവിതറുന്നു
കുയിലിണ പാടിയ മധുരിതഗാനം
നിറയവെയൂഴിയിലനുപമരാഗം

മധു നുകരാൻ ചെറുശലഭമതെത്തി
നിറമതു പാകിയ ചിറകുകളേന്തി
ശുഭകരമായ് നറുപുലരി വിരിഞ്ഞു
ശുഭദദിപോൽ നവദിനമണയുന്നു.
വൃത്തം:ലളിതശരീരം
ന ജ ന സഗം കില ലളിതശരീരം
താളം:തതതത തംതത തതതത തംതം
ഗീതാഞ്ജലി

പൊൻപുലരി

 പൊൻപുലരി

***************
പുത്തനാം ഗാനം പുലരിയിൽ തീർപ്പൂ
കോകിലം മാവിൻ ശിഖരമദ്ധ്യത്തിൽ
പാടുമീ കായൽധ്വനികളിന്നെന്നിൽ
രാഗതാളത്തിൽ ചൊരിയവേ ചേലിൽ

ആർദ്രമീ കാറ്റിന്നലകളാൽ നൃത്തം -
വച്ചിടും മാവിൻ ശിഖരവൃന്ദങ്ങൾ
കണ്ണിലും കാന്തിക്കതിരു തൂകുന്നോ
സുപ്രഭാതത്തിൽ കതിരവൻ ഭംഗ്യാ

ചാർത്തിയീ ഭാതം നിറയെ സിന്ദൂരം
ഭൂമിദേവിക്കിന്നുമൊരു ലാവണ്യം
കണ്ണുകൾ ചിമ്മിത്തുടരുമീ നൃത്തം
ഭൃംഗവും പൂതേടി വരുമീ നാളിൽ

നീർത്തുവാൻ മണ്ണിൽ വിളവിനാൽ നീളേ
ചാർത്തിടാനർക്കൻ കിരണജാലങ്ങൾ
താഴ്ത്തിയെത്തുമ്പോൾ മധുര മുത്തങ്ങൾ
തന്നിടാൻ ചേലിൽ വിരുതു കാട്ടുന്നൂ

ചക്രവാളത്തിൽ പ്രഭ ചൊരിഞ്ഞർക്കൻ
മേഘമാകും തേരിലണയും നേരം
സ്വീകരിച്ചീടാനുണരുവിൻ നിങ്ങൾ
പൂക്കളേ ഭംഗ്യാലരിയഹാസത്താൽ

നന്മ തൂകും ചിന്തകളൊരുക്കീടാം
വെണ്മയേറ്റാം മാനസവിതാനത്തിൽ
സ്നേഹമൂറും ഹൃത്തിലൊരു കാവ്യത്തിൻ
തേജസൊന്നേവം നിറയുവാനിന്നും.

വൃത്തം:ഗീതിക (സ്വയം ചിട്ടപ്പെടുത്തിയ വൃത്തം)
താളം:തംത തംതംതം തതത തംതംതം
ലക്ഷണം:
ഗീതികാവൃത്തം രതസഗംഗത്താൽ
ഗീതാഞ്ജലി
24-7-2025

സമരസൂര്യൻ

 സമരസൂര്യൻ(വി.എസ്.അച്ചുതാനന്ദൻ)

****************
മുന്നണിപ്പോരാളി വി.എസ്സേ
മണ്ണിൽനിന്നു മാഞ്ഞെന്നാലും
മറക്കുകില്ലങ്ങയെ ഞങ്ങൾ
മനുഷ്യത്വത്തിൻ പ്രതിരൂപമേ

ജീവിതയാത്രതൻ നാൾവഴികൾ
ധീരമായി കടന്നുപോയ
വിപ്ലവത്തിൻ നായകാ
ആയിരമഭിവാദ്യങ്ങൾ

കണ്ണേ കരളേ വി.എസ്സേ
കറകളഞ്ഞ കമ്മ്യൂണിസ്റ്റേ
അജയ്യനായി ജീവിക്കും
ജനഹൃദയങ്ങളിൽ നീ

അധഃസ്ഥിതർക്കായി നീ
പൊരുതിനിന്ന നാളുകൾ
മറന്നിടുവാൻ സാദ്ധ്യമല്ല
പ്രിയസഖാവേ ലാൽ സലാം

അണിനിരന്നിടുന്നു നിൻ്റെ
പിന്നിലൊറ്റ വികാരമായി
വിതറിടുന്നു ചുവന്ന പൂക്കൾ
നീ വരുന്ന വീഥിയിൽ

സമരസൂര്യൻ എരിഞ്ഞടങ്ങും
നാളിൽ ഞങ്ങൾ വിതുമ്പവേ
അസ്തമിക്കില്ലൊരിക്കലും
നിൻ സ്മൃതികൾ ഞങ്ങളിൽ

ഗീതാഞ്ജലി
21-7-2025
***************************************

പിണക്കം

 പിണക്കം

**********
പിണങ്ങുവാൻ നിനക്കാകുമോ ചൊല്ലൂ
എന്നോടെൻ പ്രിയസഖാവേ
ഒരു മുല്ലവള്ളിപോൽ നീ പടർന്നു
എൻ ഹൃദയാരാമത്തിലെന്നുമേ

പിരിയാനാവില്ലിനിയെനിക്കു നിൻ മായാവലയത്തിൽനിന്നും
ഒരു വാക്കുപോലുമുരിയാടാതെ നീ
ഞെരുക്കിടുന്നെൻ പ്രാണനെ

കാർമുകിൽ നിറഞ്ഞൊരെൻ മനസ്സിൽ
പെയ്തൊഴിയാൻ വെമ്പിനില്പൂ നീ
കാർവർണ്ണനായണയൂ നിൻ രാധയെ
പുല്ലാങ്കുഴൽ നാദമായി പുണരൂ

വരണ്ടുണങ്ങിയ മണ്ണായെൻ മാനസം
പ്രിയനെന്നെയിന്നു പിരിഞ്ഞ നാളിൽ
മഴത്തുള്ളിയായെന്നിൽ പെയ്തിടാനായ്
പിണക്കം മാറ്റിയെത്തിടൂ നീ

വഴിക്കണ്ണുമായി കാത്തിരിക്കുന്നിതാ
തവപാദസ്പർശനത്തിനായി
ഈ വഴിത്താരയിൽ വിരിച്ചിടാം ഞാൻ
വസന്തത്തിൻ രോമാഞ്ചങ്ങളെ

അണയുകില്ലേ ഭവാനെൻ ചാരെയിന്ന്
കവിത കുറിക്കുവാനെൻ മനസ്സിൽ
നിനവുകൾ നിറച്ചൊരു താലത്തിൽനിന്ന്
തൊടുകുറി ചാർത്താം തിരുനെറ്റിയിൽ

ചന്ദനത്തെന്നലെൻ ചാരെ നില്പൂ
നിൻമിഴിപ്പൂക്കളെത്തലോടുവാൻ
കടാക്ഷിച്ചിടുകയീ തരളഗാത്രിയെ
ഇണക്കത്തിൻ നിലാവലയിലൂടെ
********************************************
ഗീതാഞ്ജലി
17-7-2025
***********************************************

യുദ്ധം

 യുദ്ധം

********
യുദ്ധമെന്നാൽ പന്തുകളിപോലല്ലയോ
ബോംബു വീഴുംവരെ നിനക്കുമേലേ
നോവില്ല നിനക്കതുവരെ, തെരുവിൽ
പ്രാണൻ വെടിഞ്ഞോരെയോർത്ത്

ഉറ്റവർ നഷ്ടമായോർതൻ രോദനം
കേൾക്കുവാൻ ചെവിയില്ലാത്തോരേ
ലോകം കുരുതിക്കളമാക്കും നിങ്ങൾ
വിദ്വേഷം വിതയ്ക്കും ഭരണാധികാരികൾ

ആയുധം തുരുമ്പെടുക്കുന്നതിലല്ലോ
ആശങ്ക നിരന്തരം നിങ്ങൾക്കു മൂഢരേ.!
ആയുധവ്യാപാരം ഹരമാക്കി മാറ്റിയോർ
അതിനായി മുടക്കുന്നു ശതകോടികൾ

ശത്രുക്കളോ നിങ്ങൾക്കയൽക്കാർ
ഹൃത്തിൽ കനിവിൻ നീരുറവ വറ്റിയോ?
വിതയ്ക്കുന്നു യുദ്ധം ദുരന്തങ്ങൾ മാത്രം
ഉടയ്ക്കുന്നു സ്നേഹപ്പളുങ്കുപാത്രം

ശ്രീബുദ്ധനിനിയുമിവിടെ ജനിക്കുമോ
സ്നേഹസന്ദേശമോതും ദാർശനികരും
മാനവർതൻ ചോരയ്ക്കൊരുനിറമെന്ന
തത്ത്വമോതിക്കൊടുപ്പാനീ പാതകർക്ക്

രാജ്യാതിർത്തികൾ നിർണ്ണയിച്ചീടുന്നു
ചോരപ്പുഴകളാൽ ഭരണകൂടങ്ങൾ
കനലെരിയുന്ന കണ്ണുമായി പരസ്പരം
വെല്ലുവിളിക്കുന്നു പോർക്കളത്തിൽ

അഭയാർത്ഥികളായലയും മനുജർതൻ
മിഴികളിലൂറും ദൈന്യത കാണുവാൻ
കനിവിൻ ഗംഗാപ്രവാഹം ചൊരിയാൻ
കഴിയുമോ സാന്ത്വനസ്പർശമാകാൻ?

രണഭൂമിയിലുയരും വിലാപമൊക്കെയും
ബധിരകർണ്ണങ്ങളിൽപ്പതിച്ചീടവേ
ഭുവനം വെറും ഭസ്മമായി മാറുവാൻ
പടയൊരുക്കം തുടരുന്നുവോ നിങ്ങൾ?

നൂറ്റാണ്ടുകൾകൊണ്ടു പണിതുയർത്തിയ
സംസ്കാരങ്ങളും മാനവീയതയും
ചാമ്പലാക്കിടാൻ വിസ്മൃതിയിലാഴ്ത്താൻ
നിങ്ങൾക്കാകുമോ കോമരങ്ങളേ?
ഗീതാഞ്ജലി
12-7-2025
********************************************

സുഹൃത്ത്

 സുഹൃത്ത്

************
പുലർകാലെ പ്രഭ ചൊരിയുമൊരു
അർക്കരശ്മിയാണു നീയെനിക്കെന്നും
പാടാത്ത പാട്ടിലെ മാധുര്യമായ് നീ
ഹൃദയതന്ത്രികളിൽ പെയ്തിറങ്ങുന്നു

വർഷമേഘമായി നീ നിറയുമ്പോൾ
എന്മനമാകാശമേലാപ്പായ് മാറിടും
ശാരദസന്ധ്യ സിന്ദൂരമണിയുമ്പോൾ
നീ നിറയ്ക്കുന്നു സിന്ദൂരമെന്നുള്ളിലും

ഒരു സാന്ത്വനമായി വന്നുചേരൂ സഖേ
നഷ്ടസ്വപ്നങ്ങളിൽ ഞാൻ മുങ്ങിത്താഴവേ
കണ്ണീർക്കായലിൽ നീന്തിത്തളരുമ്പോൾ
നീ വരൂ എൻ ചാരേ താമരത്തോണിയിലേറി.

ഒരു സുഹൃത്തിൻ വില ഞാനറിയുന്നു
നിന്നിലൂടെ, നിൻ മധുരമൊഴികളിലൂടെ
വസന്തം മിഴി തുറക്കുന്നു ഹൃത്തിൽ
വർണ്ണദളങ്ങൾ നീയെന്നിൽ വർഷിക്കവേ

ജന്മജന്മാന്തരങ്ങളായി തപസ്സുചെയ്യാം
നീയെന്നുമെൻ സുഹൃത്തായ് തുടരുവാൻ
തിരിനാളമായി നീ തെളിയുമോയെന്നുമീ
നിലവിളക്കാകുമെൻ പ്രാണനിൽ?
*********************************************
ഗീതാഞ്ജലി
25-6-2025

അലയാഴി

 അലയാഴി

"" "" "" "" "" ""

ആരവം മുഴക്കുന്നലകളാവേശമോടെ

ആഴിയോ തിരക്കിട്ടാടുന്നു തൊട്ടിലായ്

ആരെത്തേടിയണയുന്നു തീരത്തെന്നും

ആടിപ്പാടിയലകളാനന്ദനർത്തനമോടെ


താരാട്ടുപാട്ടായലകളിൻ സംഗീതധാര

തീരത്തെയുന്മാദിനിയാക്കി പിന്നെയും

താളമിട്ടു വരുന്നു മൃദുചുംബനമേകാൻ

താരിളം കൈകൾ വീശി പവനനുമിതാ


മായാത്തയോർമ്മകൾ പോലെയല്ലോ

മാലകളായ് പിന്നെയും പിന്നെയുമോടി

മാറ്റൊലിയുമായലയാഴിതൻ തിരകൾ 

മാറോടു ചേർക്കുന്നു തീരത്തിനെ വീണ്ടും 


എങ്കിലും പിരിഞ്ഞോടുന്നു പുറകിലേക്ക്

എന്തിനു വേണ്ടിയീ വിരഹം, പറയൂ തോഴീ

എത്തിനോക്കുന്നാദിത്യനും മുങ്ങിത്താഴവേ

എന്നുമീയാഴിയി,ലമൂല്യമാം നിധി തേടവേ

"" "" "" "" "" "" "" "" "" "" "" "" "" "" "" "" "" "" "" "" "" 

ഗീതാഞ്ജലി

25-7-2020

സൗഹൃദസംഗമം

 സൗഹൃദസംഗമം

*******************
സൗഹൃദസംഗമവേദിയിതല്ലോ
എന്നുടെ തോഴരെ കാണ്മതിനായി
വന്ദിതരായവരീ ഗുരുനാഥർ
തന്ന വരങ്ങളെ വാഴ്ത്തിടുവാനായ്

സൗഹൃദമെന്നുമെ പൂത്തുതളിർക്കാൻ
ഒത്തൊരുമിച്ചിടുവാനതിനല്ലോ
സൗഹൃദസംഗമവേദിയൊരുക്കി-
യെത്തിടുവാനൊരു വാഞ്ഛയതെന്നിൽ

സൗരഭസൂനദലങ്ങളെ പോലെ
ഒത്തൊരുമിച്ചൊരു സൗഹൃദമേളം
ചേർന്നുനടത്തിടുവാനതിഭംഗ്യാ
വാർമഴവില്ലിലെയേഴുനിറംപോൽ

ആദരമേകി ഗുരുക്കളെയോർക്കാൻ
വേദിയൊരുക്കിയ നാളിതു നൂനം
ചേർത്തു പിടിച്ചിടു വന്ദ്യഗുരുക്കൾ
തൻ കരവല്ലിയെ സ്വാഗതമോതാൻ

സുന്ദരമായൊരു സ്വപ്നസമാനം
ഓർമ്മകളോടി വരുന്നതു കാണ്മാൻ
ബാല്യകുതൂഹലമേറിയിതെന്നിൽ
നിർത്ധരി തന്നിലെയോളമതായി

കാവ്യദലങ്ങളെ കോർത്തൊരു മാല്യം
ചാർത്തിടുവാനതിമോഹമതെന്നിൽ
സൗഹൃദസംഗമവേദിയെ പുൽകാൻ
വന്നൊരു കൂട്ടരൊടൊത്തൊരുമിക്കാൻ

എന്നുമെയീഗുരുനാഥരൊടൊപ്പം
ചേർന്നുനടന്നിടുവാനതി മോഹം
സൗഹൃദമെന്നതു ഭാവിയിലോർക്കാൻ
മാധുരിയേകുമൊരാശയതെന്നിൽ

വൃത്തം:ദോധകം
താളം:തംതത തംതത തംതത തംതം
ഗീതാഞ്ജലി
4-9-2025
****************************************

തിരുവോണം

 തിരുവോണം

****************
തിരുവോണദിനം തരും നിറം
മനമാകെ നിറച്ചു ഞാനിതാ
പുതുപൂക്കളമൊന്നൊരുക്കിയീ
വിടരും നറുസൂനശോഭയാൽ

കനകം ചൊരിയുന്നൊരർക്കനും
കുശലം പറയുന്ന തെന്നലും
മമമാനസമാകെ വിസ്മയം
പകരുന്നു തുടുത്ത വാനവും

ഒരു സദ്യയൊരുക്കി ഞാനിതാ
അവിയൽ,പുളിയിഞ്ചി തോരനും
ചുടുപായസമോടെ പപ്പടം
പഴവും ബഹുകേമസദ്യയായ്

കളിയും ചിരിയും നിറഞ്ഞിതാ
കളിയൂഞ്ഞലിലാടുമെൻ മനം
തിരുവാതിരതാളമൊന്നിതാ
മനതാരിലുണർന്നു മേളവും

നിറപുഞ്ചിരി നാട്ടിലെങ്ങുമേ
വിതറാൻ തിരുവോണമിന്നിതാ
മതവേലികളൊക്കെ മാറ്റിയീ
സുകൃതം പകരുന്ന നേരമായ്

തിരുമേനി മഹാബലിക്കിതാ-
യെതിരേല്പു കൊടുക്കുവാൻ മനം
നിറയും നവകാഴ്ചകൾ തരും
തിരുവോണമഹോത്സവം ചിരം
ഗീതാഞ്ജലി
1-9-2025
വൃത്തം:സുമുഖി
താളം:തതതംതത തംത തംതതം
*************************************

വേർപാട്

 വേർപാട്

**********
സന്തോഷമേകുന്ന സ്വപ്നം കണക്കേ
എൻകുഞ്ഞിനായിന്നു കാത്തൊന്നിരിക്കേ
പൊന്നുമ്മ നൽകാനതീവം കൊതിക്കേ
വർണ്ണങ്ങളെന്നിൽ വിടർന്നേവമിന്നോ

പൊന്നിൻകുടത്തിൻ്റെയാസ്യം തലോടാൻ
കണ്ണൊന്നിമയ്ക്കാതെ കാതോർത്തിരിക്കേ
എന്നുണ്ണി ഭൂജാതനാകുന്ന നേരം
നീറുമ്പൊഴും പേറ്റുനോവിൻ്റെ മദ്ധ്യേ

വർണ്ണാഭമാകുന്ന സ്വപ്നം സമാനം
വന്നെത്തിയെൻ കുഞ്ഞു മാലാഖപോലെ
കൺചിമ്മി നോക്കുന്ന നേരത്തറിഞ്ഞൂ
ജീവൻ വെടിഞ്ഞെൻ്റെ പൈതൽ പൊലിഞ്ഞൂ

ജീവച്ഛവം പോലെ ഞാൻ സ്തബ്ധയായി
ആഴിച്ചുഴിക്കുള്ളിലോ വീണുപോയി
വാരിപ്പുണർന്നെൻ്റെ കുഞ്ഞിൻ ശരീരം
ചുംബിച്ചിടാൻപോലുമാകാതെ നിന്നു.

വേർപാടു താങ്ങാനെനിക്കാവുമോ ഹാ!
ജന്മാന്തരങ്ങൾ കഴിഞ്ഞാലുമെന്നും
നോവാൽ പിടഞ്ഞെൻ ഹൃദന്തം തകർന്നു
കാർമേഘവർണ്ണംപടർന്നെൻ്റെയുള്ളിൽ.
വൃത്തം:വിദ്ധ്വങ്കമാല
താളം:തംതംത തംതംത തംതംത തംതം
ഗീതാഞ്ജലി
28-8-2025
***********************************************

ഗാസയിലെ രോദനം

 ഗാസയിലെ രോദനം

*********************
ഗാസ കരയുന്നുള്ളുലഞ്ഞാർക്കുന്നു
പട്ടിണിക്കോലങ്ങൾ വീണടിയുന്നു
വിശപ്പിൻ്റെ മുന്നിൽ പതറിപ്പോയവരാം
കുഞ്ഞുങ്ങൾതൻ നിലവിളി കേട്ടുവോ

മനസ്സു മരവിച്ചോർ പൊട്ടിച്ചിരിക്കുന്നു
യുദ്ധകാഹളം മുഴക്കുന്നു ഗാസയിൽ
മനസ്സാക്ഷി വെടിഞ്ഞോർക്ക് കളിയല്ലോ
യുദ്ധം വെറും തലപ്പന്തുകളിയീ കൂട്ടർക്ക്

വിരളമായെത്തും ഭക്ഷണവണ്ടിക്കു ചുറ്റും
ഒഴിഞ്ഞപാത്രവുമായി നില്ക്കും കിടാങ്ങൾ
ഒരുനേരത്തെ വറ്റിനായിരക്കും കാഴ്ച കാണൂ
മനസ്സിനെ മഥിക്കില്ലേയീ ചിത്രം വേട്ടക്കാരേ?

ബോംബിനാൽ തകർന്നു മുറിവേറ്റവർ
ഹൃദയം നുറുങ്ങുമീ ദൃശ്യമസഹ്യമല്ലോ
ഇവരുടെ നിലവിളിയുയർന്നു തെരുവിൽ
ആശുപത്രികളും തകർന്നടിയവേ മണ്ണിൽ

നിസ്സഹായരാം മനുഷ്യർതൻ തേങ്ങൽ
അലയടിച്ചുയരുന്നുലകമെങ്ങും
എങ്കിലും കേൾക്കാത്തമട്ടിലിരിപ്പൂ
ലോകരാഷ്ട്രങ്ങൾതൻ തലവന്മാർ

യുദ്ധത്തിലനാഥരാക്കപ്പെട്ടവർതൻ
മനസ്സിൻ പിടച്ചിൽ കേൾക്കുമോ
കൂട്ടക്കൊലയ്ക്കറുതി വരുത്താൻ
അവതരിക്കുമോ ദൈവങ്ങൾ?

തേങ്ങലുകൾ അലയടിക്കുന്നുയരെ
അസ്വസ്ഥതതൻ കാർമേഘം ചുറ്റിലും
രക്തദാഹികൾ കഴുകന്മാർ കണക്കേ
പാറിപ്പറക്കുന്നു തക്കം പാർത്തെങ്ങും
ഗീതാഞ്ജലി
26-8-2025
*********************************************

വിരഹം

 വിരഹം

*********

നിറയും മിഴിസാഗരത്തിലായ്

തിരമാലകളാർത്തിരമ്പിയോ

നനയും മുഖമാകെ തേങ്ങലാൽ

വിറകൊള്ളുകയായി നിത്യവും.


വിരഹം മഴയായി പെയ്തിടും 

നിമിഷങ്ങളിലൊന്നറിഞ്ഞു ഞാൻ 

ഉലകം ദയവറ്റിയെന്നതും

ഹൃദയം ചുടുകാട്ടിലായതും


കഠിനം ചില വാക്കുകൾ സമം 

ശരമായിടുമെന്നു നിശ്ചയം 

വ്രണമിന്നതൊഴുക്കി ശോണിതം

പടരും മനമാകെ, വിങ്ങലായ്


പിടയും മനമൊന്നുലഞ്ഞിടും

പ്രണയം തകരുന്ന വേളയിൽ 

പറയൂ പ്രിയനേ നിനക്കു ഞാൻ 

ഹൃദയം മുറിയുന്നൊരോർമ്മയോ?


മധുരം കിനിയുന്നൊരോർമ്മ നീ

മമഹൃത്തിലെ വാടിയിൽ ചിരം 

വരുമോ പ്രിയതോഴനായി നീ

തരുമോ തിരുവാക്കിനാൽ മധു


നിറയൂ മമ ഹൃത്തിലെന്നുമേ

ചൊരിയൂ കിരണം സ്മിതത്തിനാൽ

മമമാനസമാകെ നിൻ മുഖം 

മറയാതെ തെളിഞ്ഞുനിൽക്കവേ


വിരഹം കഠിനം, ഭയാനകം 

നിറയും മനമാകെ കൂരിരുൾ 

അരികത്തണയൂ വെളിച്ചമായ്

കുളിരായിനി നീ പുണർന്നിടൂ.

വൃത്തം:സുമുഖി

താളം:തതതം തത തംതതംതതം

ഗീതാഞ്ജലി 

24-8-2025

*****************************************

സ്വാതന്ത്ര്യദിനം

 സ്വാതന്ത്ര്യദിനം

****************
ഭാരതാംബതൻ സ്വാതന്ത്ര്യം
ഒന്നായാഘോഷിച്ചിടുവാൻ
ഭാരതത്തിൻ മക്കളേ വരൂ
ജാതിമതഭിന്നതകൾ മറന്ന്

സ്വാതന്ത്ര്യമില്ലെങ്കിലാർക്കും
ജീവിതം നിരർത്ഥകമല്ലയോ
അന്യർക്കു പുണ്യം ചെയ്യാൻ
ഈ സ്വാതന്ത്ര്യം ഹേതുവാക്കാം

മൂവർണ്ണക്കൊടി വാനോളം
പൊങ്ങിപ്പറക്കട്ടെയെങ്ങുമേ
ഇന്ത്യക്കാരുടെയഭിമാനവും
വാനോളമുയരട്ടെയീ നാളിൽ

സ്വാതന്ത്ര്യത്തിനായി സ്വന്തം
ജീവൻപോലും വെടിഞ്ഞോരെ
സ്മരിച്ചിടാമീ വേളയിലേറ്റാം
ചിത്തത്തിലവർതൻ പോരാട്ടം

തല ചായ്ക്കാൻപോലുമിടമില്ലാത്ത
ഒരു നേരത്തെയന്നത്തിനായലയുന്ന
പാവങ്ങളീദേശത്തിൽ നിറയുമ്പോൾ
സ്വാതന്ത്ര്യം വെറും സ്വപ്നം മാത്രമോ
ഗീതാഞ്ജലി
15-8-2025
******************************************

അണയാത്ത ദീപം

 അണയാത്ത ദീപം

"" "" "" "" "" "" "" "" "" ""
അരുണോദയമെന്നിലുണ്ടെടോ
നിറമാർന്നുതുടുത്തൊരോർമ്മയായ്
ഇരുളാർന്നൊരു ജീവിതത്തിലും
അണയാത്തൊരു ദീപമായിതാ

സ്മൃതിതൻ തിരകൾ വരുന്നിതാ
കുളിരായണയാൻ മനസ്സിലും
മലരും തളിരും നിറഞ്ഞൊരീ-
യുലകം മമ മാനസം ചിരം

വിരുതിൽ പലയോർമ്മകൾ സദാ
തെളിയും നിറദീപമായിതാ
തുടരും മമ വഞ്ചിയാത്രയിൽ
സ്മൃതിതൻ തിരകൾ നിലയ്ക്കുമോ?

ഒഴുകും പുഴപോലെയോർമ്മകൾ
ചൊരിയും നവചിന്തയെന്നുമേ
വളരും ചെറുചില്ലയായിതാ
തളരാതൊരു നേരമെന്നിലും
(വൃത്തം - സുമുഖി)
തതതം തത തംതതംതതം
ഗീതാഞ്ജലി
"" "" "" "" "" "" "" "" "" "" "" "" "" "" ""

മഴവില്ല്

 *മഴവില്ല്*

*********
ഒരു മഴവില്ലിൻ ഞാണൊലി കേട്ടൂ
ദ്യുതി വിതറീടും വാനമതിങ്കൽ
നിറയുകയായീ വർണ്ണമിതെന്നിൽ
മറയരുതേ നീ വാർമഴവില്ലേ

ഒരു നവരാഗം ചാർത്തിയണഞ്ഞോ
നിരുപമകാന്തിപ്പൊൻകതിരായി
തിരുമധുഹാസം ചുണ്ടിലണിഞ്ഞു
വിരിയുകയായീ പൂക്കളിതെങ്ങും

കതിരവനെന്തേ പമ്മിയണഞ്ഞൂ
അതിരുകവിഞ്ഞോ നിന്നുടെ കാന്തി?
മലരുകളെങ്ങും കൗതുകമോടെ
കലയുടെ മാമാങ്കം കണികാൺകേ

നിറയുകയെന്നിൽ ഭാവനയായി
പറയുക മൂകം പ്രേമവചസ്സാൽ
ഒരു നവരാഗം മൂളുകയായി
ഹരമൊടു വാഴ്ത്താൻ നിന്നുടെ ഭംഗി

മിഴി നനയുന്നോ നീ മറയുമ്പോൾ
മഴയുടെ തേങ്ങൽ കേൾക്കുകയില്ലേ?
മൊഴിയിടറുന്നോ കോകിലമേ ഹാ!
അഴകൊരു നേരം മിന്നിമറഞ്ഞാൽ

വിരഹമതെന്നിൽ പെയ്യരുതേ നീ
ഇരുളിമ മായ്ക്കാൻ നീ വരുകില്ലേ
അരുണിമ ചാർത്താനേഴു നിറങ്ങൾ
തരികൊരു കാവ്യം ചേലിലൊരുക്കാൻ
(വൃത്തം -മൗക്തികപംക്തി
താളം -തതതതതംതം തംതത തംതം)
ഗീതാഞ്ജലി
5-8-2025
*******************************************

നിശാഗന്ധി

*നിശാഗന്ധി*

"" "" "" "" "" ""
നിശയിലുണർന്നോ സ്മേരമണിഞ്ഞോ
നറുമണമേറ്റോ ചുറ്റിലുമെങ്ങും
അഴകു വിരിച്ചീ പൂവനമദ്ധ്യേ
അനഘമൊരോമൽപ്പൂവിതു നീയോ?

ഭുവനമതാകേ നിദ്ര വരിക്കേ
ഉണരുവതെന്തേ നീ പ്രഭ തൂകി
നിശയിലണഞ്ഞോ തെന്നലുമൊപ്പം
കവരുവതിന്നായ് മാദകഗന്ധം

വിജനമതാം പന്ഥാവിലൊരിറ്റു
ഭയമതുപോലും തോന്നുവതില്ലേ?
സഫലമതല്ലോ നിന്നുടെ ജന്മം
നിശയുടെ മാറിൽ ചേർന്നൊരു പുണ്യം

ചെറിയൊരു താരം കൈകളെ നീട്ടീ
അനുപമഗന്ധം കോരിയെടുക്കാൻ
പരിസരമാകേ പൂമണമേകീ
അഴകുവിരിപ്പൂ നിൻ ദളമാകേ
(വൃത്തം - മൗക്തികപംക്തി)
തതതതതംതം തംതതതംതം
"" "" "" "" "" "" "" "" "" "" "" "" "" "" "" "" "" ""
ഗീതാഞ്ജലി
4-8-2020

ഓർമ്മയിലെ ഗ്രാമം

 ഓർമ്മയിലെ ഗ്രാമം

***************
ചികയുന്നു മനം നിറയ്ക്കുന്നൊരോമൽ
നിനവിൻ ചില ചിന്തുകൾ മോഹനം ഹാ
പകരും നിറശോഭയെൻഗ്രാമഭംഗി
കുളിരും മനമിന്നുമോർത്താൽ നമിക്കും

ഒരു പയ്യിനെ മേച്ചുകൊണ്ടെൻ പറമ്പിൽ
വിഹരിച്ച ദിനങ്ങളിന്നും കെടാതെ
മനതാരിലിതാ വിടർന്നിന്നുമാർദ്രം
കുസൃതിത്തരമോടെ പിന്നിട്ട ബാല്യം

കശുമാവിലെ കമ്പിലൂഞ്ഞാലുകെട്ടി
കളിയാടുകവേണമെൻ കൂട്ടരൊത്തു
മഴ പെയ്യവെ വള്ളമുണ്ടാക്കി ഞങ്ങൾ
നടുമുറ്റമതിൽ കളിക്കുന്നതോർപ്പൂ

മഴതൻ ശ്രുതിചേർന്നു താളം മുഴക്കി
നിപതിക്കെ കുടങ്ങളിൽ ധാരയായി
അതു കേൾക്കെ മനം തുടിക്കുന്നു ചേലിൽ
നടനത്തിനൊരുങ്ങിനില്ക്കുന്നു ഞാനും

മതിലില്ലൊരു വീടിനും ചുറ്റുമാർക്കും
കുശലം പറയും സഹായിക്കുമൻപാൽ
മതവും കുലവും ചെറുത്തോരയൽക്കാർ
നിറയും മമദേശമെങ്ങും പ്രകാശം

തൊടിയിൽ ചികയും പിടക്കോഴിതൻ്റെ
ചിറകിന്നടിയിൽ കരുത്തോടെ മക്കൾ
കിണറിൻ കരയിൽ കുളിക്കും കിടാങ്ങൾ
തുളസിത്തറയും നിറം ചാർത്തി ഭംഗ്യാ

പല കാഴ്ചകളും മറഞ്ഞിന്നുപോയി
ഒരു തുമ്പമലർ സമാനം മറഞ്ഞു
പല ബാലകരും കളിച്ചിട്ട മുറ്റം
തിരയുന്നവരെ പ്രതീക്ഷാസമേതം

വൃത്തം:സമയപ്രഹിത
ലക്ഷണം:സമയപ്രഹിതയ്ക്കിതാസംസയംയം
താളം:തതതം തതതം തതംതം തതംതം
ഗീതാഞ്ജലി
14-10-2025
****************************************

പുഞ്ചിരി

 പുഞ്ചിരി

**********
പുഞ്ചിരി നിന്നുടെ ചുണ്ടിണ തന്നിൽ
വിരിയുക വേണമിതെന്നുമെ നിത്യം
പാലൊളി തൂകിടുമാ കവിളിൽ നിൻ
പ്രഭ ചൊരിയട്ടെ മനോഹരഹാസം

കണ്ണിലുദിച്ചൊരു തേജസു കണ്ടാൽ
ഉഡുനിര ഭൂവിലുണർന്നതുപോലെ
സുന്ദരമായൊരു പുഞ്ചിരി നിന്നിൽ
വിടരുകയായൊരു പൂത്തിരിയായി

മായരുതേ തവ ഹാസമതെന്നിൽ
വിരിയുകയായൊരു മഞ്ജുളകാവ്യം
താവകഹൃത്തിലെ പൊൻകതിരെന്നിൽ
ചൊരിയുകയായൊരു പഞ്ചമരാഗം

തൂവുക നിന്നുടെ തൂമധുഹാസം
നിരുപമമാമൊരു വാർമഴവില്ലായ്
സുന്ദരമായൊരു വാടിക തന്നിൽ
കുസുമദലങ്ങളതെന്നതുപോലെ

വൃത്തം:ദ്രുതമദ്ധ്യ
താളം:തംതത തംതത തംതത തംതം
തതതത തംതത തംതത തംതം
ഗീതാഞ്ജലി
3-10-2025
**********************************************

മരണമെത്തും നേരം

 മരണമെത്തും നേരം 

***********************

മരണത്തിൻ തീരത്തേക്കുള്ളൊരീ

യാത്രയിൽ കാലിടറി വീഴുമ്പോൾ

ഒരു നിമിഷനേരം വരുമോ നീയരികിൽ

അന്ത്യചുംബനം നൽകുവാനായ്


യാത്രചോദിക്കാനാവാതെ നീറിയെ-

ന്നാത്മാവു നിന്നിൽ ലയിച്ചിടാനായ്

കൊതിക്കുന്നുണ്ടെന്നുൾപ്പൂവെന്നു 

നീയറിയുന്നുവോ പ്രിയതേ


വെള്ളപുതച്ചു തണുത്തുറഞ്ഞതാം

നിർവ്വികാരമായൊരെൻ ദേഹം

പട്ടടയിൽ വെയ്ക്കവെയെൻ ദേഹി

കേഴുന്നു നിൻ സാമീപ്യത്തിനായി


സൗന്ദര്യവുമാരോഗ്യവും പണിപ്പെട്ടു കാത്തുസൂക്ഷിക്കുവാനിത്രനാളും 

ശ്രദ്ധിച്ചതെല്ലാം വിഫലമാകുമൊരു

ജീവിതപാരാവാരം താണ്ടുന്നു ഞാൻ 


പ്രിയപ്പെട്ടവരെൻചുറ്റും കൂടിയോ 

നൊമ്പരക്കടലിരമ്പുന്നോ ചുറ്റിലും 

തേങ്ങലുകൾതൻ തിരശ്ശീല നീക്കി 

തെന്നലും തന്നൊരന്ത്യചുംബനം


വിതുമ്പുന്ന പ്രകൃതിതൻ കണ്ണീർ കണ്ടു 

രജനിയും സ്തംഭിച്ചു നോക്കിനിന്നു

എങ്കിലുമെന്നാത്മാവു നിന്നെത്തിരയുന്നു

നിൻ്റെ സ്നേഹക്കടലിൻതീരത്തണയാൻ


അവസാനശ്വാസംവരെ നിന്നെത്തിരഞ്ഞു

ഇരുട്ടു നിറഞ്ഞൊരെന്നാത്മാവു തേങ്ങി

ഇനിയൊരു പുനർജന്മമുണ്ടാവുമോ 

നിൻ്റെ സ്നേഹപ്പെരുമഴയിൽ നനയുവാൻ


മരണത്തിനും പിരിക്കുവാനാകാത്തൊ-

രാത്മബന്ധം നിന്നോടെനിക്കെന്തേ!

ചിറകടിച്ചുയരുമ്പോഴുമെൻ പ്രാണൻ

നിന്നെത്തേടിയീ പ്രപഞ്ചമാകേ

ഗീതാഞ്ജലി 

7-10-2025

അവയവദാനം

 അവയവദാനം

****************
അവയവദാനമഹത്ത്വമോതിയാൽ
നിറയുകയായി മനസ്സു തുഷ്ടിയാൽ
മരണമതില്ല തളിർത്തിടും, ജഗം
വെടിയുകിലും ഹൃദയം തുടിച്ചിടും

മരണമടഞ്ഞവനേതു ജാതിയും
മതവുമതെങ്കിലുമൊന്നു മാത്രമേ
അറിയുകവേണമതൊത്തു ചേരുമോ
അവയവമേറ്റൊരു ദേഹിതന്നിലായ്

അവയവദാനമതെത്ര പുണ്യമേ
മടിയതു വേണ്ട നമുക്കു നിശ്ചയം
അഴുകിടുമീ നരദേഹമത്രമേൽ
വരമരുളും ഗതിയറ്റയാൾക്കിതാ

ഇനിയൊരു സമ്മതപത്രമൊപ്പിടാ-
മവയവദാനമതൊന്നു ചെയ്യുകിൽ
അനുകരണീയമിതെന്നു ചൊല്ലിയീ
മനുജകുലത്തിനു പുണ്യമേകുവാൻ

പുതിയൊരു താങ്ങുകൊടുക്കുവാൻ പരം
മനമലിവാലെ പരോപകാരമേ
അവയവദാനമിതെന്നുമിച്ഛയാൽ
തുടരുകവേണമിതത്ര നൽവരം.

വൃത്തം:മാനിനി
താളം:തതതത തംതത തംത തംതതം
ഗീതാഞ്ജലി
25-9-2025
*******************************************

സംഗീതം

 സംഗീതം

**********
സംഗീതമേ നിറയു നീ മമ മാനസത്തിൽ
സന്തോഷമേകുമൊരു സന്തതകൂട്ടുകാരി
താളംനിറച്ചിടുകയെൻ്റെ മനോസദസ്സിൽ
നീരാടു നീ കവനസുന്ദരിയായി നിത്യം

താലോലമാട്ടിയൊരു നിദ്രയെ പുൽകിടാനായ്
നീയേകുവിൻ ശ്രുതിലയം തരളം മനസ്സിൽ
സംഗീതമാധുരി ചൊരിഞ്ഞൊരു പൂങ്കുയിൽപോൽ
തേനൂറുമീപ്രകൃതിതൻ സ്വരതാളമേളം

നൃത്തം തുടർന്നൊരു കുയിൽമൊഴി കേൾക്കെ ഞാനും
വശ്യം മനോഹരമതെന്നിലുണർത്തി മോഹം
ഹൃദ്യം ചൊരിഞ്ഞൊരു സുധാരസമേകുമോ നീ
തുമ്പം വെടിഞ്ഞു മമമാനസവും തളിർപ്പൂ

പൂഞ്ചോല മീട്ടുമനുരാഗതരംഗവും നീ
പൂന്തെന്നലെന്നിലമൃതായി ചൊരിഞ്ഞു നിന്നെ
സംഗീതമേ നുകരുവാൻ തവ മർമ്മരങ്ങൾ
മോഹംതുളുമ്പുമൊരു മാനസവാടിതന്നിൽ

രാഗങ്ങളേതു പൊഴിയും മഴ പെയ്തിടുമ്പോൾ
ശ്രീരാഗമായി നിറയും പല തുള്ളിയായി
സ്നേഹം നിറച്ചിടുക പാരിതിലെങ്ങുമാർദ്രം
സംഗീതമേ തുടരുമൻപെഴുമിന്ദ്രജാലം

ആനന്ദഭൈരവിയിലെന്നുടെ കാവ്യബന്ധം
ചാർത്താനെനിക്കരുളു മോഹനരാഗമാല്യം
സംഗീതമേ തകരുമെന്നുടെ ജീവനും ഹാ!
നീയില്ലയെങ്കിലൊരു മാത്രയുമീ ജഗത്തിൽ

വൃത്തം:വസന്തതിലകം
ലക്ഷണം: ചൊല്ലാം വസന്തതിലകം തഭജം ജഗംഗം
താളം: തംതംത തംതതത തംതത തംതതംതം
ഗീതാഞ്ജലി
20-9-2025
*********************************************

യാത്ര

 യാത്ര

*********
യാത്രകൾ ചെയ്തിടാനെൻ മാനസം തുടിക്കുന്നു
നീണ്ടതാം യാത്രയൊന്നു ചെയ്യുവാൻ മോഹമുള്ളിൽ

ഏറ്റവും പ്രിയമുള്ള നിന്നുടെ കൂടെക്കൂടി
പോകുവാനാശയെന്നിൽ പക്ഷിപോൽ പറന്നീടാൻ

യാത്രയ്ക്കായൊരുങ്ങീടാനേറ്റവും മോടിയോടെ
ചന്തത്തിൽ ചമഞ്ഞു ഞാൻ സുസ്മേരമോടെയിതാ

പോകുന്നവഴിവക്കിൽ കാണുന്നോരോടെല്ലാമേ
കളിവാക്കോതിടുവാൻ പോരുമോയെൻ്റെകൂടെ

അലസം നീങ്ങിടുന്ന മന്ദസമീരൻപോലെ
യാത്രകൾ ചെയ്തിടാനെൻ ഹൃത്തടം കൊതിക്കുന്നു

ഓരോരോ ദേശങ്ങളിൻ സംസ്കാരം തൊട്ടറിയാൻ
സൗന്ദര്യമാസ്വദിക്കാനാരാമഭംഗികളിൻ

വിടരും മൊട്ടുകളിൽ മുത്തമിട്ടണഞ്ഞൊരാ
പൂത്തുമ്പിയായി ഞാനുമലയാൻ വെമ്പിനില്പൂ

ജീവിതയാത്ര തീരുംമുമ്പേയെന്നാശകളിൻ
കതിരും ചൂടിനില്പൂ സങ്കല്പവേദിയിതിൽ

വരുമോ നീയെൻകൂടെ കാണാത്തൊരൂരു ചുറ്റാൻ
തരുക്കൾ വസന്തത്തെ വരവേൽക്കവേ നീളേ

കാണാത്ത കാഴ്ചകളിൻ മധുരം നുണഞ്ഞിടാൻ
കേൾക്കാത്ത ഗാനത്തിൻ്റെ ശ്രുതിയായലഞ്ഞിടാൻ

കൊതുമ്പുവള്ളം തുഴഞ്ഞക്കരെ പോയിടാനായ്
നിലാവിൻ ചേലത്തുമ്പിൽ ചേർന്നു ഞാൻ നിന്നീടുന്നു

കാഴ്ചകൾ ചിത്രങ്ങളായ് പതിഞ്ഞു മാനസത്തിൽ
യാത്രയിൽ വെളിച്ചമായ് പൊൻകതിർ തൂകും നേരം

ഇമ്പമാർന്നുള്ള ഗാനപല്ലവി മൂളി നീയെൻ
തുമ്പമകറ്റി യാത്ര ചെയ്തിടുവാനെൻ കൂടെ

യാത്രയിൽ തളർന്നിടുമ്പോഴെല്ലാം ചാരിനില്ക്കാൻ
നീയൊരാൽവൃക്ഷമായി പടർന്നുനില്പൂ ചാരേ

എൻ്റെ ചിന്തകൾ യാത്ര ചെയ്തവസാനിക്കുന്നു
നിന്നിലേക്കല്ലോ സഖേ ഞാൻപോലുമറിയാതെ
വൃത്തം -കേക
ഗീതാഞ്ജലി
17-9-2025
******************************************

ശ്രീകൃഷ്ണലീലകൾ

 ശ്രീകൃഷ്ണലീലകൾ

*********************
കണ്ണൻ്റെ മാറിലാ പൂമലർ മാലയായ്
മാറുവാൻ മോഹമൊന്നെന്നിലുദിക്കുന്നു

എന്നുമേ നിൻവേണുനാദമായൻപെഴും
വൃന്ദാവനത്തിൽ നിറഞ്ഞിടാൻ മോഹമായ്

നിന്നുടെ ചുണ്ടിലെ പുഞ്ചിരി കാണുവാൻ
വെമ്പൽകൊള്ളുന്നിതാ മാനസം തുഷ്ടിയാൽ

ചേലൊത്ത മഞ്ഞപ്പുടവയും ചുറ്റി നീ
യശോദതൻകണ്ണിലുണ്ണിയായെത്തിയോ?

ആനന്ദനർത്തനമാടുന്ന കേകിതൻ
പീലികൾ നിൻ ശീർഷമലങ്കരിക്കുന്നു

നിൻ്റെ വികൃതികൾ കണ്ടുവിടർന്നതാം
വൃന്ദാവനത്തിലെ പൂക്കൾ ചിരിക്കുന്നു

വെണ്ണ കവർന്നുകൊണ്ടോടുമീ കണ്ണൻ്റെ
ചുറ്റിലും സഖന്മാരെത്തി നുകർന്നിടാൻ

അമ്പാടിതന്നിലെ പൈക്കളും കണ്ണൻ്റെ
ലീലാവിലാസങ്ങളാൽ ഹർഷോന്മത്തരായ്

ഗോപികമാർ ചുറ്റും നർത്തനമാടുവാൻ
കണ്ണൻ്റെ ചാരെയണയുവാൻ വെമ്പുന്നു

തോഴിയാം രാധതൻ കരം ഗ്രഹിച്ചിടാൻ
കണ്ണനിന്നാശിപ്പാനെന്തിതു കാരണം ?

കണ്ണാ നീ മായല്ലേയെന്നുടെ മാനസ-
പ്പൊയ്കയിൽ നീന്തുവാൻ വന്നിടൂ മോദമായ്

എൻ ശോകമാറുവാൻ നീ കനിഞ്ഞീടുവിൻ
നിൻ ഹാസമെന്നിലും തൂകിവന്നീടുവിൻ

വൃത്തം -കാകളി
ഗീതാഞ്ജലി
14-9-2025
******************************************

കള്ളനാണയങ്ങൾ

 കള്ളനാണയങ്ങൾ

****************
കള്ളങ്ങളേറിയ മനുജനുണ്ടോ
കള്ളപ്പണം വെളുപ്പിക്കാൻ ഭയം?

കള്ളനെന്നു തെളിയിച്ചെന്നാലും
തെളിയിച്ചവരിവർക്കു കുറ്റക്കാർ

നെഞ്ചുവിരിച്ചു ന്യായീകരിക്കാൻ
തെല്ലുമില്ലിവർക്കൊരു ലജ്ജയും

സ്ത്രീകളുടെ മാനംപോലും കവരാൻ
മറ്റൊരു കൂട്ടരുണ്ടിവിടെ വിലസുന്നു

ഗർഭച്ഛിദ്രമിവർക്കു കുട്ടിക്കളിയായി
മാറുന്ന കാഴ്ചയല്ലോ കാണ്മൂ ചുറ്റും

കാണുന്നൊരെല്ലാ പൂക്കൾ തോറും
മധുനുകർന്നു പായുന്നോരിവർ

നിർലജ്ജമഴിഞ്ഞാടുന്ന പീഡന -
വീരന്മാരെ പിന്താങ്ങുമണികളും

ഇവർക്കു തുണയായി സൈബർ-
പ്പോരാളികൾ പണമെറിയുന്നു ഹാ!

ആത്മാഹുതിതൻ കയത്തിലേക്കു
നിസ്വാർത്ഥ സേവകരെ തള്ളിവിടും

വെള്ള ധരിച്ച രാഷ്ട്രീയനേതാക്കളും
അരങ്ങു വാഴുന്നിവിടെ യഥേഷ്ടം

ഇവർക്കു ശിക്ഷ കൊടുക്കുവാനീ
നാട്ടിലൊരു കോടതിയുമില്ലയെന്നോ

എങ്കിലുമീ മൂഢരെ ശിക്ഷിച്ചിടുവാൻ
എത്തുമൊരു തിരഞ്ഞെടുപ്പിൻ നാൾ

പീഡിപ്പിക്കപ്പെട്ടൊരാത്മാക്കൾതൻ
നൊമ്പരമന്നലയടിച്ചുയരുമ്പോൾ

കള്ളനാണയങ്ങളെ തിരിച്ചറിഞ്ഞിടാ-
നൊന്നിച്ചീടും ജനതയൊന്നാകവേ
ഗീതാഞ്ജലി
13-9-2025
*****************************************

ഞാനും നീയും

 

ഞാനും നീയും
****************
ഞാനെഴുതിയ കവിതയിലെ
ഈണമാണ് നീ
ഞാനെന്നൊരു പ്രഭാതത്തിൻ
ശോഭയാണു നീ

ഞാനെന്ന നിലാവിലലിഞ്ഞ
വെള്ളിവെളിച്ചം നീ
ഞാനെന്ന മഴവില്ലിൽ നിറഞ്ഞ
വർണ്ണവിസ്മയം നീ

ഞാനെന്ന മൺവീണയിലുണരും
സ്വരമാധുര്യം നീ
ഞാനെന്ന മാലയിൽ കൊരുത്ത
മുത്തിൻ ശോഭ നീ

ഞാനെന്ന ശാഖിയിൽ പടർന്ന
മുല്ലവള്ളിയാണു നീ
ഞാനെന്ന മഴയിലലിഞ്ഞൊരു
കുളിരാണ് നീ

ഞാനെന്ന ചന്ദനലേപത്തിലലിയും
സൗരഭ്യമാണ് നീ
ഞാനെന്ന മാമ്പഴക്കനിയിലെ
മാധുര്യമാണ് നീ

ഞാനാകും പാരാവാരത്തിലെ
തരംഗമാണു നീ
ഞാനാകും പനിനീർപ്പൂവിൻ
പുഞ്ചിരിയാണു നീ

നീയില്ലെങ്കിൽ ഞാനില്ല
എൻ പ്രിയമേ
നീയെന്നിൽ നിറയുമ്പോൾ
പൂർണ്ണതയെന്നും.
ഗീതാഞ്ജലി
12-9-25
********************************************

വേരറ്റുപോകുന്ന ഹൃദയങ്ങൾ

 

വേരറ്റുപോകുന്ന ഹൃദയങ്ങൾ
*********************************
പ്രതീക്ഷതൻ മിന്നാമിനുങ്ങിനെ
കാണുവാനാകാതെ ഞാൻ തളരവേ
ജീവിതവ്യഥകൾതൻ ചങ്ങലകൾ
മുറുകുന്നു ചുറ്റിലും ഞെരുക്കാൻ

തകർന്ന സ്വപ്നങ്ങൾതൻ ചിന്തുകൾ
വീണുകിടക്കുന്നുണ്ടെനിക്കു ചുറ്റും
വേരറ്റുപോയൊരെൻ ഹൃദയമിന്നും
തുടിക്കുന്നൊരിറ്റു പ്രാണനു വേണ്ടി

നിശാശലഭമായി പറക്കുന്നുണ്ടെൻ
മാനസം ദുഃഖങ്ങൾതൻ ഭാണ്ഡം പേറി
സപ്തസ്വരങ്ങൾ വീണുടഞ്ഞ വീണ
മൗനസംഗീതം പൊഴിക്കുന്നുവോ

ഒരു തൈമണിത്തെന്നലായരികിൽ
വരുമോ നീയെൻ കണ്ണീരൊപ്പുവാൻ
നെറുകയിലൊരാശ്വാസചുംബനം
തരുമോയെൻ പ്രാണനിലമൃതായി

ഗീതാഞ്ജലി
8-9-2025
***************************************

മൗനം

 

മൗനം
********
മൗനം നിൻ മനസ്സിൽ കൂടുകൂട്ടവേ
അസ്വസ്ഥതതൻ നെരിപ്പോടെന്നിലും
ചിറകറ്റ പക്ഷിയായി വിതുമ്പവേ
എന്നുടെ ഗദ്ഗദം കേൾക്കുമോ നീ?

നിലാവ് തുന്നുന്നൊരു പട്ടുതൂവാല
എൻ കണ്ണുനീരൊപ്പുവാനീ രാവിൽ
ആധിനിറച്ചു നിൻ മൗനം തുടരവേ
എൻ ഹൃദയമിടിപ്പിനും താളഭംഗം

നിദ്ര വഴിമാറിപ്പോകവേയെന്നിൽ
നിറയുന്നു നിന്നോർമ്മച്ചിന്തുകൾ
നീർമണിമുത്തുകളലതല്ലിയാർത്തു
നൊമ്പരതീരമാമെൻ കപോലത്തിൽ

നിൻ മൗനത്തിന്നർത്ഥം തിരഞ്ഞു
നിമിഷങ്ങളെണ്ണി തപസ്സിരുന്നു ഞാൻ
നിൻമൊഴിമൊട്ടുകൾ വിരിഞ്ഞിടാ-
നശ്രുകണങ്ങളാൽ നനവേകി ഞാൻ

രാവിനും മൗനത്തിന്നൂഞ്ഞലാടാൻ
രാഗമോ നിന്നെപ്പോലെൻ പ്രിയതേ
മൗനവല്മീകത്തിൽനിന്നെന്നു നീ
മനോവീണതൻ തന്ത്രികൾ മീട്ടിടും?

നിൻ വാക്കിനോരത്തു കാത്തിരിപ്പൂ
നീറുമെൻ നെഞ്ചകം ചുട്ടുപൊള്ളീടവേ
ഇരുൾ വന്നു മൂടുമെന്നാത്മാവിൽ നീ-
യിനിയൊന്നു വാക്കിൻ തിരി തെളിക്കൂ

മഴവില്ലു മാനത്തു തെളിഞ്ഞിടുമ്പോൾ
മയിലുകളാടിത്തിമിർക്കുംപോലെ
നിൻ സ്നേഹവചസ്സുകൾ പെയ്തിടവേ
നർത്തനമാടുവാൻ മനം തുടിപ്പൂ.

പകരമാകില്ലേതമൃതുമിന്നു നിന്നുടെ
പനിനീർത്തുള്ളികളാകും മൊഴികൾക്ക്
ഉരുകി ഞാൻ വീണിടുമിന്നു മണ്ണിൽ
നിൻ മൊഴി കേൾക്കാതിരിക്കിൽ
ഗീതാഞ്ജലി
8-9-2025
***********************************************